Monday, August 18, 2008

യൂണിവേഴ്സിറ്റി കോളേജ്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നു മാസങ്ങള്‍ക്കു മുന്‍പ് ഒരു പുസ്തകമേള കാണാന്‍പോയിരുന്നു. 1977 മുതല്‍ 1982 വരെ ഞാന്‍ അവിടെയാണു ഡിഗ്രിയും , പീ ജീ യും പഠിച്ചിരുന്നതു. പഴയ അദ്ധ്യാപകര്‍ അവിടെ പഠിപ്പിച്ചിരുന്ന കാലം വരെ ഇടയ്ക്കിടെ ഞാന്‍ കോളേജില്‍ അവരെ കാണാന്‍ വേണ്ടി പോകാറുണ്ടായിരുന്നു. പിന്നെ പിന്നെ അവരെല്ലാം റിട്ടയറായി, പലരും മണ്‍മറഞ്ഞും പോയി.

കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണു പുസ്തക പ്രദര്‍ശനത്തിന്‍റെ ബോര്‍ഡു കണ്ട് അങ്ങോട്ടു കയറിയത്. കോളേജു മുഴുവനും കാടും പടലും പിടിച്ചു മഹാ വൃത്തികേടായി കിടക്കുന്നു. ചപ്പുചവറുകളുടെ കൂമ്പാരമായിട്ടുണ്ട് കാമ്പസു മുഴുവനും. വര്‍ഷങ്ങളായി ഒന്നു അടിച്ചു വാരിയിട്ട് എന്നു തോന്നും.രാജകീയമായ ക്ലാസ്സ് മുറികളില്‍ പോലും കരിയിലകള്‍. വൃത്തിയില്ലാത്ത ഈ മലിനാന്തരീക്ഷത്തില്‍ ഏതോ മത്സരപ്പരീക്ഷ നടക്കുന്നുണ്ടായിരുന്നു അന്ന്. ഒന്നാം നിലയില്‍ പോയി പ്രിന്‍സിപ്പലിനെ കണ്ട് ഒന്നു സംസാരിക്കാമെന്നു കരുതി ആ കോറിഡോര്‍ വഴി നടന്നപ്പോള്‍ അറപ്പു തോന്നി. പ്രിന്‍സിപ്പലിന്‍റെ മുറിയും ഇരിപ്പും മറ്റും കണ്ടപ്പോള്‍ സംസാരിച്ചിട്ടും കാര്യമില്ലെന്നു തോന്നി ഒന്നും മിണ്ടാതെ, സ്വയം നാണം കെടാന്‍ നില്‍ക്കാതെ, തിരിച്ചു പോന്നു.

മെയിന്‍ എന്‍റ്രന്‍സിനു മുന്നില്‍ ആറാട്ടു മുണ്ടനെപോലെ ഒരു പ്രതിമ പുറം തിരിച്ചു പ്രതിഷ്ഠിച്ചിട്ടുണ്ട്. മറ്റൊരു ഐ സോര്‍. ഭാഗ്യം പേരെഴുതി വച്ചിട്ടുണ്ട്,അതുകൊണ്ട് ആളെ മനസ്സിലാക്കാം. ‘കേരളപാണിനിഏആര്‍രാജരാജവര്‍മ്മ’. വാക്കുകള്‍ക്കിടയില്‍ അല്പം സ്ഥലം കൊടുത്താല്‍ പേരു മുഴുവനായി എഴുതാന്‍ പറ്റില്ലെന്നു മനസ്സിലാക്കിയ പേരെഴുത്തുകാരന്‍റെ പൊടിക്കൈ.

എത്രയോ രാഷ്ര്ടീയ നേതാക്കളേയും, ഉദ്യോഗസ്ഥന്മാരേയും, കലാസാംസ്ക്കാരിക നായകന്മാരേയും, വ്യവസായ പ്രമുഖരേയും ഒക്കെ സൃഷ്ടിച്ച കോളേജാണിത്. എന്നിട്ടാണോ ഈ ശോചനീയാവസ്ഥ? എന്നോടൊപ്പം പഠിച്ചിരുന്ന തിരുവനന്തപുരത്തുള്ള കുറച്ചുപേരോട് ഈ വിഷയം സംസാരിച്ചു. ഫണ്ടാണ് പ്രശ്നമെങ്കില്‍ പഴയ സ്റ്റൂഡന്‍സ് തന്നെ മുന്‍ കൈ എടുത്തു എന്തെങ്കിലും ഫണ്ട് റൈസിങ് പ്രോഗ്രാം ചെയ്യാമെന്നും ആലോചിച്ചു. പണ്ട് ഒന്നിച്ചു പഠിച്ചിരുന്ന അജിത് കുമാര്‍ തിരുവനന്തപുരം എല്‍ ഐ സിയില്‍ സീനിയര്‍ ഡിവിഷണല്‍ മാനേജറായിരുന്നപ്പോള്‍ യൂണിവേഴ്സിറ്റി കോളേജിനു വേണ്ടി എല്‍ ഐ സിയുടെ സോഷ്യല്‍ സര്‍വീസ് ഫണ്ടില്‍ നിന്നും കുറച്ചു തുക ഉപയോഗിക്കാമെന്നു കരുതി പ്രിന്‍സിപ്പലിനേയും സ്റ്റൂഡന്‍റ്സ് റെപ്രസന്‍റേറ്റിവ്സിനേയും മറ്റും പലവട്ടം കോളേജില്‍ ചെന്നു കണ്ട് പ്രൊപ്പോസല്‍ വച്ചായിരുന്നു. ഒരുമൂന്നു കൊല്ലം മുന്‍പ്. ഒടുവില്‍ ഗ്രൂപ്പിസവും നിബന്ധനകളും, വ്യവസ്ഥകളും രാഷ്ട്രീയവും നെഗറ്റിവിസവും ഒക്കെ കണ്ടും കേട്ടും പേടിച്ചു അജിത് ജീവനും കൊണ്ട് രക്ഷപ്പെട്ട കഥ കേട്ടപ്പോള്‍ മറ്റു കൂട്ടുകാര്‍ പറഞ്ഞു,

“ ഇതു കേരളമാണു , നിന്‍റെ ഊപ്പ മദ്ധ്യപ്രദേശൊന്നുമല്ല”

പണമല്ല ആറ്റിറ്റ്യൂഡാണു പ്രശ്നം എന്നു തോന്നിയപ്പോള്‍ ഞാനും പിന്‍വാങ്ങി

സ്വാതിതിരുനാള്‍ മഹാരാജാവും, ഏ ആര്‍ രാജരാജ വര്‍മ്മയും ഒക്കെ അഭിമാനം കൊണ്ടിരുന്ന ഈ സ്ഥാപനത്ത്ന്‍റെ, വിവിധ മേഖലകളില്‍ എത്രയോ വമ്പന്മാരെ സൃഷ്ടിച്ച മഹത്തായ കലാലയത്തിന്‍റെ ഇന്നത്തെ ഈ ശോചനീയാവസ്ഥ നമ്മളെല്ലാരും എത്രനാള്‍ കണ്ടില്ലെന്നു നടിയ്ക്കും?

4 comments:

 1. അവനവന്റെ കഞ്ഞിയും കുടിച്ചു ഒരു മൂലയ്ക്ക് ചുരുണ്ടാല്‍ പോരെ? മനഃസമാധാനം എന്ന വസ്തു വളരെ ദുര്‍ലഭമാണ്, അത് നശിക്കാന്‍ കേരളത്തില്‍ വന്നു എന്തെങ്ങിലും ഒരു നല്ല കാര്യം ചെയാന്‍ വിചാരിച്ചാല്‍ മതി. കേരളം ഭ്രാന്താലയം എന്ന് പറഞ്ഞതു ഇന്നും ശരി തന്നെ ആണ്.

  ReplyDelete
 2. മത്തായി പറഞ്ഞതു്‌ ശരിയല്ലേ? :)

  ReplyDelete
 3. മത്തായിയ്ക്കും സന്തോഷിനും സ്വാഗതം. മത്തായിയും സന്തോഷും പറയുന്നതു ശരിയാണോ? അയിരിയ്ക്കാതിരിയ്ക്കട്ടെ!ഒരുപാടു നല്ല കാര്യങ്ങളും നടക്കുന്നുണ്ടാവില്ലേ കേരളത്തിലും?

  ReplyDelete
 4. കേരളത്തില്‍ നല്ല കാര്യം നടക്കുന്നില്ലേ എന്ന് ചോദിച്ചാല്‍ നടക്കുനുണ്ട്. പക്ഷെ, ആരെങ്ങിലും പുതിയതായി എന്ത് ചെയ്യാന്‍ തുടങ്ങിയാലും അവനെ പിടിച്ചു നിലത്ത്തടികും.

  ReplyDelete