Sunday, August 24, 2008

ബഹുജന ഹിതായ, ബഹുജന സുഖായ

ഒന്നാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തിക്കൊണ്ട് ജവഹര്‍ലാല്‍ നെഹ്രു നടത്തിയ
“At the stroke of the midnight hour when the world sleeps, India will awake to light of freedom " എന്ന പ്രസിദ്ധമായ പ്രസംഗം ഇന്‍ഡ്യന്‍ ജനതയെ ത്രസിപ്പിച്ചു. രാജ്യം മുഴുവനും ആ ശബ്ദം കേള്‍പ്പിച്ചതു ആള്‍ ഇന്‍ഡ്യ റേഡിയോ ആയിരുന്നു . എന്നാല്‍ അതേ സ്വാതന്ത്ര്യ ദിനത്തില്‍ നബ്ഖാലിയിലെ ചോരമണക്കുന്ന ഗ്രാമങ്ങള്‍ തോറും കാല്‍നടയാത്രയിലായിരുന്ന ക്ഷീണിച്ചു മെലിഞ്ഞ ആ വൃദ്ധന്‍, മോഹന്‍ദാസ് കരംചന്ദ് ഗാന്ധി, ജീവിതത്തില്‍ ആദ്യമായും അവസാനമായും ദില്ലിയിലെ ബ്രോഡ്കാസ്റ്റിങ് ഹൌസില്‍ പോയതു 1947 നവംബര്‍ പന്ത്രണ്ടാം തീയതിയിലെ ദീപാവലി നാളില്‍. സ്വതന്ത്ര ഇന്‍ഡ്യയുടെ ആദ്യത്തെ ആരോഗ്യമന്ത്രിയായ രാജകുമാരി അമൃത് കൌറിനോടൊപ്പം ആള്‍ ഇന്‍ഡ്യാ റേഡിയോയുടെ ഡല്‍ഹി സ്റ്റുഡിയോയിലെത്തിയ ഗാന്ധിജിയെക്കുറിച്ചൊരു റിപ്പോര്‍ട്ട് 1948 ഫെബ്രവരി പന്ത്രണ്ടിനു പുറത്തിറങ്ങിയ 'The Indian Listner'ല്‍ പ്രസിധീകരിച്ചിട്ടുണ്ട്. സാധാരണ ബിര്‍ളാഹൌസില്‍ നടക്കാറുണ്ടായിരുന്ന പ്രാര്‍ത്ഥനായോഗത്തിന്‍റ
അന്തരീക്ഷം സ്റ്റുഡിയോയില്‍ പുനഃ സൃഷ്ടിച്ചിരുന്നു. അദ്ദേഹം എന്നും ഇരിക്കാറുള്ള പൊക്കം കുറഞ്ഞ പീഠം പോലും സ്റ്റുഡിയോയില്‍ ഒരുക്കിയിരുന്നു. വളരെയധികം നിര്‍ബന്ധിച്ച്തിനു ശേഷമാണു അദ്ദേഹം റേഡിയോ പ്രക്ഷേപണത്തിനു മടിച്ചു മടിച്ചാണെങ്കിലും സമ്മതം മൂളിയതു. നവംബര്‍ 13 ലെ ഹിന്ദുസ്ഥാന്‍ റ്റൈംസ് റിപ്പോര്‍ട്ടനുസരിച്ചു, ഗാന്ധിജി അന്നു 20 മിനിട്ട് സംസാരിച്ചു. ശബ്ദം പതിവിലും കൂടുതല്‍ വ്യക്തമായിരുന്നു.
സന്ദേശത്തിനു ശേഷം വന്ദേമാതരത്തോടെ അദ്ദേഹത്തിന്‍റെ ആദ്യത്തേതും അവസാനത്തേതുമായ ആ സ്റ്റുഡിയോ റിക്കാര്‍ഡിങ് അവസാനിച്ചു. ആദ്യത്തെ റേഡിയോ അനുഭവത്തെക്കുറിച്ചു ഗാന്ധിജി പറഞ്ഞ പ്രൊഫെറ്റിക് ആയ വാക്കുകള്‍ ഇതാ,

"This is a miraculous power. I see 'shakti', the miraculous power of God".


48 കിലോമീറ്റര്‍ റേഞ്ചുള്ള ആദ്യറേഡിയോ സ്റ്റേഷന്‍ ബോംബേയില്‍ ‘ഇന്‍ഡ്യന്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി’ എന്നൊരു പ്രൈവറ്റ് കമ്പനി ആണു തുടങ്ങിയതു, 1927 ജൂണ്‍ 23നു്. 1930 മാര്‍ച്ച് ആയപ്പോഴേയ്ക്കും കമ്പനി പൊളിഞ്ഞു, ബോംബേ സ്റ്റേഷന്‍ പൂട്ടി. റേഡിയോപ്പെട്ടി വാങ്ങിപ്പോയ പാവം ജനത്തിനു നഷ്ടം വരാതിരിയ്ക്കനായി 1936 ജനുവരി ഒന്നാം തീയതി ബ്രിട്ടീഷ് സര്‍ക്കാര്‍ ബ്രോഡ്കാസ്റ്റിങ് തുടങ്ങി, 20 K V ഡല്‍ഹി സ്റ്റേഷനില്‍ നിന്നും. 1936 ജൂണ്‍ എട്ടാംതീയതി “ ആള്‍ ഇന്‍ഡ്യ റേഡിയോ” ജന്മമെടുത്തു. ഇന്നു 2008
ല്‍ ആകാശവാണി എന്ന ആള്‍ ഇന്‍ഡ്യ റേഡിയോ എത്രയോ വളര്‍ന്നു പന്തലിച്ചു:

റേഡിയോ സ്റ്റേഷനുകള്‍: 223
മീഡിയം വേവ് പ്രക്ഷേപണം : 143
ഷോര്‍ട്ട് വേവ് പ്രക്ഷേപണം: 54
എഫ് എം പ്രക്ഷേപണം: 161

രാജ്യത്തിന്‍റെ 91.42% വിസ്തീര്‍ണ്ണവും 99.13% ജനസംഖ്യയും കാശവാണിയുടെ പ്രക്ഷേപണ പരിധിയ്ക്കുള്ളിലാണു. ഇന്‍ഡ്യയ്ക്കുള്ളില്‍ 24 ഭാഷകളില്‍, 146 ഡയലക്റ്റ്സില്‍ ദിവസവും പ്രക്ഷേപണം നടക്കുന്നുണ്ട്. എക്സ്റ്റേര്‍ണല്‍ സര്‍വീസിലാകട്ടെ 10 വിദേശഭാഷകളുള്‍പ്പെടെ 27 ഭാഷകളില്‍ പ്രക്ഷേപണം.1969 ലോ 70ലോ മറ്റോ ആണെന്നു തോന്നുന്നു , ഞാന്‍ ആദ്യമായി റേഡിയോ എന്ന അത്ഭുതപ്പെട്ടി കണ്ടതു. അച്ഛന്‍ കൊണ്ടുവന്ന ‘പച്ചക്കണ്ണുള്ള‍’ ആ പാട്ടുപെട്ടി തൊടാന്‍ ഞാന്‍ വേറേ ആരെയും അനുവദിച്ചിരുന്നില്ല.
റേഡിയോ വീട്ടില്‍ വന്ന കാലത്ത് വൈകുന്നേരങ്ങളില്‍ വീട്ടില്‍ ഉത്സവത്തിരക്കായിരുന്നു. തിണ്ണയില്‍ അയല്‍ക്കാരായ അമ്മുമ്മമാരും അമ്മായിമാരും, വീട്ടുജോലികള്‍ ചെയ്യുന്ന പെണ്ണുങ്ങളും കുട്ടികളും
കുറുമണികളുമൊക്കെയായി തിരുവനന്തപുരം ആകാശവാണിനിലയത്തില്‍ നിന്നും പ്രക്ഷേപണം ചെയ്തിരുന്ന പരിപാടികള്‍ക്ക് കേള്‍വിക്കാര്‍ ഏറെ. ചലച്ചിത്രഗാനങ്ങള്‍, ലളിത ഗാനങ്ങള്‍, ചിത്രീകരണങ്ങള്‍ എന്ന പേരില്‍
അറിയപ്പെട്ടിരുന്ന കൊച്ചു സ്കിറ്റ്സ്, ശബ്ദരേഖ എന്ന സിനിമയുടെ സൌണ്ട്റ്റ്രാക്ക് അങ്ങനെ തുടങ്ങി ഒട്ടു മിയ്ക്ക പരിപാടികളും പെണ്ണുങ്ങള്‍ കൂട്ടായിരുന്നു കേട്ട് അഭിപ്രായങ്ങളും കമന്‍റ്കളും പൊട്ടിച്ചിരിയും കൊണ്ട്
കൊഴുപ്പിയ്ക്കുന്നതു ഇപ്പോഴും എനിയ്ക്കു ഓര്‍മ്മയുണ്ട്. പ്രാദേശിക വാര്‍ത്തകളും കമ്പോളനിലവാരവും വരുമ്പോഴാണു പെണ്‍പടയുടെ കളക്ടീവ് ലിസണിങ്ങിനു ഇടവേളയാവുന്നതു. റേഡിയോ ഓണ്‍ ചെയ്യുക,
തെളിയുന്ന പച്ചക്കണ്ണുകള്‍ ചിമ്മുന്നതും നോക്കി സ്റ്റേഷന്‍ റ്റ്യുണ്‍ ചെയ്യുക, ഇടയ്ക്കു റേഡിയോ സിലോണ്‍ വച്ചു കോടുക്കുക ഇതൊക്കെ എനിയ്ക്കു മാത്രം അറിയാവുന്ന ചെപ്പടി വിദ്യകളാണെന്നാണു ഞാന്‍ അന്നു
ധരിച്ചിരുന്നത്. വാര്‍ത്തകള്‍ വായിക്കുന്ന രാമചന്ദ്രനും പ്രതാപനും, ഡെല്‍ഹിയില്‍ നിന്നും വാര്‍ത്ത വായിച്ചിരുന്ന ശങ്കരനാരായണനും,സ്ത്യനും, റാണിയും, സുഷമയും ബാലലോകത്തിലെ കുട്ടികളുടെ അമ്മാവന്മാരും,
വനിതാലോകത്തിലെ ചേച്ചിമാരും, ലളിതസംഗീതപാഠത്തിലെ സംഗീതാദ്ധ്യാപകരും, റേഡിയോ നാടകപ്രവര്‍ത്തകരും ഒക്കെ 1960 - 80 കാലഘട്ടത്തില്‍ ഒരു തലമുറയെത്തന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. സ്ക്കൂള്‍ കോളേജ് കാമ്പസ്സുകളില്‍ റ്റ്രാന്‍സിസ്റ്റര്‍ വഴി, അന്നുവരെ ആരും നേരിട്ട് കണ്ടിട്ടില്ലായിരുന്ന ക്രിക്കറ്റ് റ്റെസ്റ്റ് മാച്ചുകളുടെ റ്ണ്ണിങ് കമന്‍ററി കേട്ട് അതിന്‍റെ മാസ്മര സ്വാധീനത്തിലായിരുന്നു അന്നത്തെ യുവത്വം. ശ്രീ. മൂര്‍ത്തിയുടെ ഈ പോസ്റ്റിലും അതിലെ കമന്‍റുകളിലും ആ ഗൃഹാതുരത്വം ദര്‍ശിയ്ക്കാം.


വിഷ്വല്‍ മീഡിയയുടെ വര്‍ണ്ണപ്പൊലിമയില്‍ റേഡിയോയുടെ പകിട്ടിനു പിന്നീടു മങ്ങലേറ്റു. എന്നാല്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ റേഡിയോ അതി ശക്തമായി ജനഹൃദയങ്ങളിലേയ്ക്കു തിരിച്ചു
വന്നു. എഫ് എം റെവലൂഷന്‍, മള്‍ട്ടിറ്റാസ്കിങില്‍ വിശ്വസിയ്ക്കുന്ന പുത്തന്‍ തലമുറയ്ക്കു റേഡിയോയുടെ സാധ്യതകളിലേയ്ക്കു വീണ്ടും താല്പര്യം ഉണ്ടാക്കി. കാര്‍ സ്റ്റീരിയോയില്‍ നിന്നും ,ട്രക്കിലെ റേഡിയോകളില്‍
നിന്നും, മൊബൈല്‍ ഫോണുകളില്‍, വഴി വാണിഭക്കാരുടെ റ്റ്രാന്‍സിസ്റ്ററുകളില്‍ നിന്നും ഒക്കെ എഫ് എം തരംഗങ്ങള്‍ ശ്രോതാക്കളെ തേടിയെത്തി. പുത്തന്‍ മാര്‍ക്കെറ്റിന്‍റെ ശബളിമയും, ഇന്‍റെറാക്ട്ടീവ് റ്റെക്ക്നോളജിയുടെ
ഉപയോഗവും ഇളം തലമുറയ്ക്കു നവമായ ഒരു ‘റേഡിയോ ശ്രവണ സംസ്കാരം’ തന്നെ നല്‍കുമെന്നു തോന്നുന്നു. പ്രസാരഭാരതിയുടെ കുത്തകയായിരുന്ന റേഡിയോ പ്രക്ഷേപണത്തില്‍ പതുക്കെയാണെങ്കിലും
സ്വകാര്യമേഘലയ്ക്കും കടന്നു വരാമെന്നായി. സര്‍ക്കാര്‍ നയങ്ങള്‍ മാറി. 2005ജൂലൈ മാസത്തോടെ 20 എഫ് എം ചാനലുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് പുതിയ പോളിസി അനുസരിച്ച് നടത്തിയ ലേലം കഴിഞ്ഞപ്പോള്‍ 243
സ്വകാര്യ എഫ് എം ചാനലുകള്‍ തുടങ്ങാമെന്നായി..സര്‍ക്കാരിനു ലേലത്തുകയും ലൈസന്‍സ്ഫീസും മറ്റുമായി 1200ല്‍ പരം കോടിരൂപയും കിട്ടി. അങ്ങനെ എഫ് എം റേഡിയോചാനലുകളുടെ ഉത്സവകാലമാണിപ്പോള്‍.
ഏതോ ഒരു സിനിമയില്‍ “ എന്നോടൊന്നും പറയണ്ട” എന്നു പറയുന്ന കഥാപാത്രത്തോടു മുകേഷ് ചോദിയ്ക്കുന്ന ഒരു ചോദ്യമുണ്ട്,


“ ഇയ്യാളാരൂവേ, ആ‍ള്‍ ഇന്‍ഡ്യാ റേഡിയോയോ, അങ്ങോട്ടൊന്നും പറയാന്‍ പറ്റാതിരിയ്ക്കാന്‍”?

ഇന്‍ററാക്റ്റീവ് അല്ലാത്തതായിരുന്നു അന്നത്തെ റേഡിയോയുടെ മുകേഷ് പറഞ്ഞ കുറവ്. എന്നാല്‍ ഇന്നോ? മാറിയ സാങ്കേതിക വിദ്യകള്‍ ആ കുറവും നികത്തുന്നു. ഇനി വരാനിരിയ്ക്കുന്ന റേഡിയോ വിപ്ലവം എന്താണു? ജനങ്ങളുടെ സ്വന്തം റേഡിയോ ആയി മാറാന്‍ പോകുന്ന കമ്മ്യൂണിറ്റി റേഡിയോ റെവല്യൂഷന്‍ ആയിരിയ്ക്കും
അതെന്നു എനിയ്ക്കു തോന്നുന്നു. 2002 ഡിസംബര്‍ മുതല്‍ വെറും കാമ്പസ് റേഡിയോ ആയി പ്രവര്‍ത്തിച്ചിരുന്ന കമ്മ്യൂണിറ്റി റേഡിയോകളുടെ സ്വരൂപം 2006 ഡിസംബറിലെ പുതിയ നയപ്രഖ്യാപനം മൂലം മാറിവരാനാണു സാദ്ധ്യത. റേഡിയോ സ്റ്റേഷന്‍ നടത്തിക്കൊണ്ടു പോകുന്നതും, പരിപാടികള്‍ തയ്യാറാക്കുന്നതും, പ്രക്ഷേപണം ചെയ്യുന്നതും, അവ കേള്‍ക്കുന്നതും എല്ലാം ജനങ്ങളുടെ കൂട്ടായ്മയായ കമ്മ്യൂണിറ്റി ആകുമ്പോള്‍ ‘ സത്യസന്ധമായ ജനകീയ റേഡിയോ’ എന്ന തലത്തിലേയ്ക്കു ഭാവിയില്‍ കമ്മ്യൂണിറ്റി റേഡിയോ വളരും എന്നു കരുതാം. 787.5 മില്ല്യണ്‍ സ്ക്വയര്‍ കിലോമീറ്ററുകള്‍ വിസ്തീര്‍ണ്ണമുള്ള ഇന്‍ഡ്യയില്‍ 23000 മുതല്‍ 37000 വരെ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ ഉണ്ടാവാമെന്നാണു പലരുടേയും അനുമാനം. അതിനര്‍ത്ഥം ലക്ഷക്കണക്കിനു റേഡിയോ ചാനലുകള്‍. ഈ ജനകീയ റേഡിയോകള്‍ ആയിരിയ്ക്കും ഭാവിയിലെ റേഡിയോ.


നീണ്ടുപോയ ഈ കുറിപ്പു ഇവിടെ നിറുത്തുന്നു. കമ്മ്യൂണിറ്റി റേഡിയോയുടെ അനന്ത സാദ്ധ്യതകളെക്കുറിച്ച് എഴുതാനുള്ള പ്രലോഭനത്തെ ഇപ്പോള്‍ അതിജീവിച്ച്, മറ്റൊരു കുറിപ്പിനായി അതിനെ ബാക്കിവയ്ക്കുന്നു.

Monday, August 18, 2008

യൂണിവേഴ്സിറ്റി കോളേജ്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നു മാസങ്ങള്‍ക്കു മുന്‍പ് ഒരു പുസ്തകമേള കാണാന്‍പോയിരുന്നു. 1977 മുതല്‍ 1982 വരെ ഞാന്‍ അവിടെയാണു ഡിഗ്രിയും , പീ ജീ യും പഠിച്ചിരുന്നതു. പഴയ അദ്ധ്യാപകര്‍ അവിടെ പഠിപ്പിച്ചിരുന്ന കാലം വരെ ഇടയ്ക്കിടെ ഞാന്‍ കോളേജില്‍ അവരെ കാണാന്‍ വേണ്ടി പോകാറുണ്ടായിരുന്നു. പിന്നെ പിന്നെ അവരെല്ലാം റിട്ടയറായി, പലരും മണ്‍മറഞ്ഞും പോയി.

കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണു പുസ്തക പ്രദര്‍ശനത്തിന്‍റെ ബോര്‍ഡു കണ്ട് അങ്ങോട്ടു കയറിയത്. കോളേജു മുഴുവനും കാടും പടലും പിടിച്ചു മഹാ വൃത്തികേടായി കിടക്കുന്നു. ചപ്പുചവറുകളുടെ കൂമ്പാരമായിട്ടുണ്ട് കാമ്പസു മുഴുവനും. വര്‍ഷങ്ങളായി ഒന്നു അടിച്ചു വാരിയിട്ട് എന്നു തോന്നും.രാജകീയമായ ക്ലാസ്സ് മുറികളില്‍ പോലും കരിയിലകള്‍. വൃത്തിയില്ലാത്ത ഈ മലിനാന്തരീക്ഷത്തില്‍ ഏതോ മത്സരപ്പരീക്ഷ നടക്കുന്നുണ്ടായിരുന്നു അന്ന്. ഒന്നാം നിലയില്‍ പോയി പ്രിന്‍സിപ്പലിനെ കണ്ട് ഒന്നു സംസാരിക്കാമെന്നു കരുതി ആ കോറിഡോര്‍ വഴി നടന്നപ്പോള്‍ അറപ്പു തോന്നി. പ്രിന്‍സിപ്പലിന്‍റെ മുറിയും ഇരിപ്പും മറ്റും കണ്ടപ്പോള്‍ സംസാരിച്ചിട്ടും കാര്യമില്ലെന്നു തോന്നി ഒന്നും മിണ്ടാതെ, സ്വയം നാണം കെടാന്‍ നില്‍ക്കാതെ, തിരിച്ചു പോന്നു.

മെയിന്‍ എന്‍റ്രന്‍സിനു മുന്നില്‍ ആറാട്ടു മുണ്ടനെപോലെ ഒരു പ്രതിമ പുറം തിരിച്ചു പ്രതിഷ്ഠിച്ചിട്ടുണ്ട്. മറ്റൊരു ഐ സോര്‍. ഭാഗ്യം പേരെഴുതി വച്ചിട്ടുണ്ട്,അതുകൊണ്ട് ആളെ മനസ്സിലാക്കാം. ‘കേരളപാണിനിഏആര്‍രാജരാജവര്‍മ്മ’. വാക്കുകള്‍ക്കിടയില്‍ അല്പം സ്ഥലം കൊടുത്താല്‍ പേരു മുഴുവനായി എഴുതാന്‍ പറ്റില്ലെന്നു മനസ്സിലാക്കിയ പേരെഴുത്തുകാരന്‍റെ പൊടിക്കൈ.

എത്രയോ രാഷ്ര്ടീയ നേതാക്കളേയും, ഉദ്യോഗസ്ഥന്മാരേയും, കലാസാംസ്ക്കാരിക നായകന്മാരേയും, വ്യവസായ പ്രമുഖരേയും ഒക്കെ സൃഷ്ടിച്ച കോളേജാണിത്. എന്നിട്ടാണോ ഈ ശോചനീയാവസ്ഥ? എന്നോടൊപ്പം പഠിച്ചിരുന്ന തിരുവനന്തപുരത്തുള്ള കുറച്ചുപേരോട് ഈ വിഷയം സംസാരിച്ചു. ഫണ്ടാണ് പ്രശ്നമെങ്കില്‍ പഴയ സ്റ്റൂഡന്‍സ് തന്നെ മുന്‍ കൈ എടുത്തു എന്തെങ്കിലും ഫണ്ട് റൈസിങ് പ്രോഗ്രാം ചെയ്യാമെന്നും ആലോചിച്ചു. പണ്ട് ഒന്നിച്ചു പഠിച്ചിരുന്ന അജിത് കുമാര്‍ തിരുവനന്തപുരം എല്‍ ഐ സിയില്‍ സീനിയര്‍ ഡിവിഷണല്‍ മാനേജറായിരുന്നപ്പോള്‍ യൂണിവേഴ്സിറ്റി കോളേജിനു വേണ്ടി എല്‍ ഐ സിയുടെ സോഷ്യല്‍ സര്‍വീസ് ഫണ്ടില്‍ നിന്നും കുറച്ചു തുക ഉപയോഗിക്കാമെന്നു കരുതി പ്രിന്‍സിപ്പലിനേയും സ്റ്റൂഡന്‍റ്സ് റെപ്രസന്‍റേറ്റിവ്സിനേയും മറ്റും പലവട്ടം കോളേജില്‍ ചെന്നു കണ്ട് പ്രൊപ്പോസല്‍ വച്ചായിരുന്നു. ഒരുമൂന്നു കൊല്ലം മുന്‍പ്. ഒടുവില്‍ ഗ്രൂപ്പിസവും നിബന്ധനകളും, വ്യവസ്ഥകളും രാഷ്ട്രീയവും നെഗറ്റിവിസവും ഒക്കെ കണ്ടും കേട്ടും പേടിച്ചു അജിത് ജീവനും കൊണ്ട് രക്ഷപ്പെട്ട കഥ കേട്ടപ്പോള്‍ മറ്റു കൂട്ടുകാര്‍ പറഞ്ഞു,

“ ഇതു കേരളമാണു , നിന്‍റെ ഊപ്പ മദ്ധ്യപ്രദേശൊന്നുമല്ല”

പണമല്ല ആറ്റിറ്റ്യൂഡാണു പ്രശ്നം എന്നു തോന്നിയപ്പോള്‍ ഞാനും പിന്‍വാങ്ങി

സ്വാതിതിരുനാള്‍ മഹാരാജാവും, ഏ ആര്‍ രാജരാജ വര്‍മ്മയും ഒക്കെ അഭിമാനം കൊണ്ടിരുന്ന ഈ സ്ഥാപനത്ത്ന്‍റെ, വിവിധ മേഖലകളില്‍ എത്രയോ വമ്പന്മാരെ സൃഷ്ടിച്ച മഹത്തായ കലാലയത്തിന്‍റെ ഇന്നത്തെ ഈ ശോചനീയാവസ്ഥ നമ്മളെല്ലാരും എത്രനാള്‍ കണ്ടില്ലെന്നു നടിയ്ക്കും?

Sunday, August 17, 2008

ചിങ്ങം ഒന്ന്

പുതു വര്‍ഷാരംഭമായിട്ട് നമസ്തേന്ന് ഒരു മലയാളം ബ്ലോഗു തുടങ്ങാമെന്നു കരുതി. ഇടയ്ക്കു ബ്ലോഗുപോസ്റ്റുകള്‍ വായിയ്ക്കാറുണ്ടായിരുന്നു. ഒരു സ്വതന്ത്ര മാദ്ധ്യമമെന്നുള്ള നിലയ്ക്കു ബ്ലോഗിനു സാദ്ധ്യതകള്‍ ഏറെയുണ്ടെന്നു തോന്നി. അതുകൊണ്ട് സ്വന്തമായി ഒരു ബ്ലോഗ് ഇന്നു തുടങ്ങുന്നു.

തികച്ചും വ്യക്തിപരമായി എന്തെങ്കിലും വല്ലപ്പോഴും കുത്തിക്കുറിയ്ക്കാനുള്ള ഡയറി ആയിക്കോട്ടെ എന്നു തോന്നിയപ്പോള്‍ സര്‍ക്കാരുദ്യോഗസ്ഥനായതുകൊണ്ട് ‘ദുഷ്പ്രഭുവിന്‍റെ ഡയറി’ എന്നൊരു പേരുമിട്ടു.
അങ്ങനെ കൊല്ലവര്‍ഷം 1184ലെ ആദ്യ ചിങ്ങപ്പുലരിയില്‍ ഒരു ഉദ്യോഗസ്ഥദുഷ്പ്രഭു മലയാള ബ്ലോഗിങ് രംഗത്തേയ്ക്കു വലതുകാല്‍ വച്ചു കയറി ആദ്യത്തെ ഡയറിക്കുറിപ്പ് പോസ്റ്റുചെയ്യുന്നു.

എല്ലാ മലയാള ബ്ലോഗേഴ്സിനും പുതുവത്സരാശംസകള്‍.